അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റി.
അപകടത്തിൽ ആനക്കൂട്ടത്തിലെ ഒരു കുട്ടിയാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. വടക്കുകിഴക്കൻ അതിർത്തി റെയിൽവേയിലെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിൽ ചങ്ജുരായ് എന്ന സ്ഥലത്താണ് സംഭവം നടന്നത്.
റെയിൽവേ അധികൃതർ നൽകുന്ന വിവരമനുസരിച്ച് ശനിയാഴ്ച പുലർച്ചെ 2.17-ഓടെയാണ് അപകടമുണ്ടായത്. ആനക്കൂട്ടം പെട്ടെന്ന് ട്രാക്കിലേക്ക് കയറിവരുകയായിരുന്നു. ലോക്കോ പൈലറ്റ് ആനക്കൂട്ടത്തെ കണ്ട ഉടൻ തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട കോച്ചുകളിലെ യാത്രക്കാരെ ട്രെയിനിലെ മറ്റ് കോച്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് താൽക്കാലികമായി മാറ്റി പാർപ്പിച്ചു. തുടർന്ന് കേടുപാടുകൾ സംഭവിക്കാത്ത കോച്ചുകളുമായി ട്രെയിൻ രാവിലെ 6.11-ഓടെ ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു.ഗുവാഹത്തിയിൽ എത്തുമ്പോൾ റദ്ദാക്കിയ കോച്ചുകൾക്ക് പകരം പുതിയ കോച്ചുകൾ ഘടിപ്പിച്ച് യാത്ര പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും നിലവിൽ യുപി ലൈൻ വഴി വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

