ദുബൈഎമിറേറ്റിൽ പുതുതായി 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം കൂടി പൂർത്തിയാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങളിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 10 ലധികം റൂട്ടുകളിൽനിന്നുള്ള ബസുകൾക്ക് സ്റ്റോപുകളും അനുവദിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ 762 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാനാണ് ആർ.ടി.എ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ 89 ശതമാനം പൂർത്തിയായി.
പ്രതിദിനം 750 യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റോപ്പുകളെ പ്രാഥമിക ഷെൽട്ടറുകളായും പ്രതിദിനം 250നും 750നും യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റോപ്പുകളെ സെക്കൻഡറി സ്റ്റോപ്പുകളായും പ്രതിദിനം 100നും 250നും ഇടയിൽ യാത്രക്കാർ ഉപയോഗിക്കുന്നവയെ ബേസിക് സ്റ്റോപ്പുകളായുമാണ് കണക്കാക്കുക. ഇതിൽ ആദ്യവിഭാഗത്തിലുള്ള ഷെൽട്ടറുകൾ ശീതീകരിച്ചതാണ്. കൂടാതെ ഇരിക്കാനുള്ള സൗകര്യവും പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. ബസ് റൂട്ടുകളും ഷെഡ്യൂളുകളും സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ഡിസ്പ്ലേ സ്ക്രീനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രതിവർഷം 19.2 കോടിയിലധികം യാത്രക്കാർക്ക് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ പ്രയോജനപ്പെടും. നഗരത്തിലെ താമസക്കാരെയും സന്ദർശകരെയും പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ ജീവിതനിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ദുബായ് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.

