കൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ വിദേശയാത്ര എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തടഞ്ഞു. കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയ നീക്കങ്ങളുണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി.
ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഫസൽ ഗഫൂറിന് ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാത്തതിനെത്തുടർന്നാണ് വിമാനത്താവളത്തിൽവച്ച് യാത്ര തടഞ്ഞത്. എയർപോർട്ട് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ഇഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് അഭിഭാഷകൻ മുഖേന കൊച്ചി ഓഫീസിൽ ഹാജരാകാൻ സാവകാശം തേടുകയായിരുന്നു.
അതേസമയം, ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ഫസൽ ഗഫൂർ പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നോട്ടിസ് ലഭിച്ചിരുന്നെങ്കിലും മുൻകൂട്ടി തീരുമാനിച്ച വിദേശയാത്രയായതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇഡിയുടെ അന്വേഷണപരിധിയിലുള്ളതിനാൽ വിദേശത്തേക്ക് പോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു. അഭിഭാഷകൻ മുഖേന സമയം ആവശ്യപ്പെട്ടതായും നാളെ കൊച്ചി ഓഫിസിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

