ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്റർ ആസ്ഥാനമായ മുൻനിര ബിസിനസ് ഹബ്ബും, ജൈറ്റക്സ് പ്രദർശന സംഘാടകരായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ കമ്മ്യൂണിറ്റി പാർട്ണറുമായ ‘സെൻട്രൽ’ സ്റ്റാർട് അപ്പ് സംരംഭക വാരം പ്രഖ്യാപിച്ചു. ഈ മേഖലയിലെ നിക്ഷേപകരെയും ഇന്നൊവേറ്റർമാരെയും ശാക്തീകരിക്കാനായാണ് ഒക്ടോബർ 12 മുതൽ 17 വരെ സംരംഭക വാരം ഒരുക്കുന്നത്. വളർന്നു വരുന്ന സാങ്കേതികതകൾ, നിക്ഷേപാവസരങ്ങൾ, ആഗോള ബിസിനസ് വ്യാപനങ്ങൾ എന്നിവയിലെ ക്യൂറേറ്റഡ് സെഷനുകളാണ് സംരംഭക വാരത്തിലുണ്ടാവുകയെന്നും സംഘാടകർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിജിറ്റൽ രംഗത്തെ നൂതന പ്രവണതകൾ, ക്രിപ്റ്റോ കറൻസി, റെഗുലേഷനുകൾ, വെബ് ഡവലപ്മെന്റ്, നിർമിത ബുദ്ധി തുടങ്ങിയവ സംബന്ധിച്ച പാനൽ ചർച്ചകളിലും സംവേദന പരിപാടികളിലും നെറ്റ്‌വർക്കിങ് സെഷനുകളിലും വിദഗ്ധർ പങ്കെടുക്കും. സംരംഭക വാരത്തിൽ ജി.സി.സി മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റാർട് അപ്പുകളെ പരിചയപ്പെടുത്തുന്നതാണ്. നിരവധി നിക്ഷേപകരും ഈ രംഗത്തെ പ്രധാന വ്യക്തിത്വങ്ങളും പങ്കെടുക്കും.മോൾഡോവ, യൂറേഷ്യ, യു.എ.ഇ മേഖലകളിലെ അവസരങ്ങളും, അതിർത്തി കടന്നുള്ള സഹകരണവും എടുത്തു കാട്ടുന്ന സെഷനുകളുമുണ്ടാകും.
ടെക് മേഖലയിൽ താല്പര്യമുള്ളവർ, ഡവലപർമാർ, പോളിസി മേയ്ക്കർമാർ എന്നിവരുടെ എ.ഐ, പ്രൈവസി, ഇന്നൊവേഷൻ സംബന്ധിച്ച ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നതാണ്. ഫണ്ട് സമാഹരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് സംരംഭക വാരത്തിൽ പ്രധാനമായും ടാർഗെറ്റ് ചെയ്യുന്നത്. അത്തരം സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടേഴ്സിനാണ് ഈ വാരം ഏറ്റവുമധികം പ്രയോജനം ചെയ്യുക. നിക്ഷേപം നേടാനുള്ള അവസരങ്ങളുമുണ്ട്.
ഇതിനോടനുബന്ധിച്ച് നടക്കുന്ന പിച്ച് ഇവന്റിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഫൗണ്ടർക്ക് 10,000 ഡോളർ മൂല്യമുള്ള സമ്മാനം ലഭിക്കുന്നതാണതാണെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.