ബെംഗളൂരു: ഗർഭിണിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ബെംഗളൂരു സ്വദേശിയായ ശിൽപയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് ശിൽപയും എഞ്ചിനീയറായ പ്രവീണും വിവാഹിതരായത്. എന്നാൽ പിന്നീട് പ്രവീൺ ജോലി ഉപേക്ഷിച്ച് ബിസിനിസ് തുടങ്ങുകയായിരുന്നു. ഇരുവർക്കും ഒന്നരവയസുള്ള ഒരു കുട്ടി കൂടിയുണ്ട്. നാല് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് യുവതിയെ പ്രവീണിന്റെ വീട്ടിലേക്ക് മടക്കിയയച്ചത്.
സ്ത്രീധനത്തെ ചൊല്ലി മകളെ കുടുംബം നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. 50 ലക്ഷം രൂപ നൽകിയിട്ടും പിന്നീടും മാനസികമായി ബുദ്ധിമുട്ടിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പണമായും സ്വർണമായും യുവതിയുടെ കുടുംബം പ്രവീണിന് സ്ത്രീധനം നൽകിയിരുന്നു. കൂടാതെ വീട്ടുപകരണങ്ങളും നൽകി. പ്രവീണിന്റെ അമ്മ ശിൽപയെ ഉപദ്രവിക്കുമായിരുന്നെന്നാണ് വിവരം.