ഉത്തരാഖണ്ഡില്‍ വൻനാശം വിതച്ച് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിയാണ് പോകുന്ന മിന്നൽ പ്രളയവും കുത്തൊഴുക്കുമാണ് ഉണ്ടായത്. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 50 ലേറെ പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്.
ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എസ്ഡിആർഎഫ് ടീമും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. ഖീർ ഗംഗാ മേഖലയില്‍ ശക്തമായ മേഘവിസ്ഫോടനമുണ്ടായെന്നാണ് റിപ്പോർട്ടുകള്‍. ഇതാണ് മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്. ഖിർഗഢിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അവശിഷ്ടങ്ങള്‍ ധരാളി മാർക്കറ്റിലേക്ക് ഇരച്ചുകയറുകയും നിരവധി വീടുകളും സ്ഥാപനങ്ങളും ഒലിച്ചുപോവുകയുമായിരുന്നു. കാണാതായവർക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടർച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.