ഇഗ്ലണ്ട് പര്യടനം കഴിഞ്ഞാൽ പിന്നെ ഏഷ്യാ കപ്പ് ആവേശത്തിലേക്കാണ് ഇന്ത്യ കടക്കുന്നത്. ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനം സഞ്ജു സാംസൺ നിലനിർത്തുമോ എന്ന ചോദ്യമാണ് ഇതിനിടയിൽ ശക്തമാവുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അഞ്ച് ട്വന്റി20കളുടെ പരമ്പരയിൽ എല്ലാ മത്സരത്തിലും സഞ്ജു ബാറ്റിങ്ങിൽ പരാജയപ്പെട്ടിരുന്നു. നിലവിൽ ഏഴോളം താരങ്ങളാണ് സഞ്ജുവിന് ഭീഷണിയാവുന്നത്.
ഇംഗ്ലണ്ടിനെതിരെ ഈ വർഷം ജനുവരിയിൽ നടന്ന ട്വന്റി20 പരമ്പരയിൽ 26, 5, 3, 1, 16 എന്നതാണ് സഞ്ജു സാംസണിന്റെ സ്കോർ. ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർമാരുടെ ഷോർട്ട് പിച്ച് ഡെലിവറി കെണിയിൽ കുടുങ്ങി സഞ്ജു തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തി.
2024 ആയിരുന്നു സഞ്ജു സാംസണിന്റെ ട്വന്റി20 കരിയറിലെ ഇതുവരെയുള്ള മികച്ച വർഷം. സഞ്ജുവിന് ഈ വർഷം 13 ട്വന്റി20 മത്സരങ്ങൾ കളിക്കാനായപ്പോൾ താരം മൂന്ന് സെഞ്ചുറിയും കണ്ടെത്തി. അതിൽ രണ്ട് സെഞ്ചുറി തൊട്ടടുത്ത മത്സരങ്ങളിലായാണ് വന്നത്. ബംഗ്ലാദേശിന് എതിരെ 111 റൺസും തൊട്ടടുത്ത കളിയിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 107 റൺസും സഞ്ജു അടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അതേ പരമ്പരയിൽ വീണ്ടും സഞ്ജു സെഞ്ചുറിയടിച്ചു.
ഈ മൂന്ന് സെഞ്ചുറികൾ വന്നതോടെ ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനം സഞ്ജു ഉറപ്പിച്ചതായി വിലയിരുത്തൽ വന്നു. എന്നാൽ സ്ഥിരതയില്ലായ്മ എന്ന സഞ്ജു എന്നും കേട്ടിരുന്ന പഴി ഇംഗ്ലണ്ട് പരമ്പരയോടെ വീണ്ടും ഉയർന്നു. ഇംഗ്ലണ്ട് പരമ്പരയിൽ നിരാശപ്പെടുത്തിയതോടെയാണ് ഏഷ്യാ കപ്പിൽ അഭിഷേകിനൊപ്പം ഓപ്പണിങ്ങിൽ സഞ്ജുവിന് പകരം മറ്റൊരു താരത്തെ സെലക്ടർമാർ ഇറക്കുമോ എന്ന ആശങ്ക ഉയരുന്നത്. നിലവിൽ ഋഷഭ് പന്ത് പരുക്കിന്റെ പിടിയിലാണ്. കാൽ വിരലിന് പൊട്ടലുള്ള പന്തിന് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരും എന്നാണ് റിപ്പോർട്ട്. സെപ്തംബർ 10ന് ആണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം. ഈ സമയമാവുമ്പോഴേക്കും ഋഷഭ് പന്തിന് ഫിറ്റ്നസ് വീണ്ടെടുക്കാനാവുമോ എന്ന് വ്യക്തമല്ല.
ഏഷ്യാ കപ്പിൽ അഭിഷേക് ശർമയ്ക്ക് ഒപ്പം സഞ്ജു സാംസൺ തന്നെ ഓപ്പണിങ്ങിൽ ഇറങ്ങണം എന്നാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര പറയുന്നത്. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജുവിന് പരുക്കിനെ തുടർന്ന് തിളങ്ങാനായില്ല എന്നതും തിരിച്ചടിയാണ്. മാത്രമല്ല യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരെ ഇന്ത്യ ട്വന്റി20 ഓപ്പണിങ് സ്പോട്ടിലേക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് മേലുള്ള സമ്മർദം കൂടുതലാണ്. ഇഷാൻ കിഷനും സഞ്ജുവിന് കടുത്ത എതിരാളിയാവുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ഐപിഎൽ സീസണിൽ പ്രാഭ്സിമ്രാൻ സിങ്, പ്രിയാൻഷ്, സായ് എന്നിവർ ഓപ്പണിങ്ങിൽ മികവ് കാണിച്ച് സെലക്ടർമാരുടെ ശ്രദ്ധ പിടിക്കുകയും ചെയ്തു. ഇതും സഞ്ജുവിന് വിനയാവുമോ എന്ന് അറിയണം.