ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ. രാജയെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. ദേവികുളത്തെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവെച്ചു. എ. രാജയ്ക്ക് എംഎൽഎ സ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി അനുമതി നൽകി. എംഎൽഎ എന്ന നിലയിൽ ഇതുവരെ തടഞ്ഞുവെച്ച എല്ലാ അനുകൂല്യങ്ങളും രാജയ്ക്ക് നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈകോടതി വിധിയിൽ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്.
പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എൽ.എ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം.
അതേസമയം, തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖ കേസിൽ നിർണായകമാകും. ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹരജിയിൽ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാൽ തന്നെ അങ്ങനെയുള്ളൊരാൾ പട്ടിക ജാതി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.