ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അടച്ചിട്ട മുറിയില്‍ യോഗം ചേർന്നു.പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന്റെ പശ്ചാത്തലത്തിൽ 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ ആണ് തിങ്കളാഴ്ച അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നത്. ഇതോടെ യുഎൻ സുരക്ഷാ സമിതി യോഗം പരിഹാരമില്ലാതെ പിരിഞ്ഞു. വർഷങ്ങളായി സ്ഥിതി ഏറ്റവും അസ്ഥിരമായ അവസ്ഥയിലെത്തിയെന്ന് സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് യോഗം നടന്നത്. സൈനിക സംഘർഷം രൂക്ഷമാകുന്നതിനെതിരെ യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് മുന്നറിയിപ്പ് നൽകുകയും ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റാനുള്ള പാകിസ്താന്‍ നീക്കത്തിനും യോഗത്തിൽ തിരിച്ചടി നേരിട്ടു. ഇന്ത്യയുമായുള്ള ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു ഇസ്ലാമാബാദിനോട് മറ്റ് അംഗരാജ്യങ്ങള്‍ നിര്‍ദേശിച്ചത്. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനുമായി ഗാഢബന്ധമുള്ള ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയ്ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്നും ചോദ്യമുയര്‍ന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയേണ്ടതുണ്ടെന്നും യോഗത്തിൽ ആവശ്യമുയർന്നു. വിനോദസഞ്ചാരികള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യംവെക്കപ്പെട്ടത് ചില അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു. പാകിസ്താന്റെ മിസൈല്‍ പരീക്ഷണങ്ങളും മറ്റും സാഹചര്യം വഷളാക്കാന്‍ കാരണമായെന്ന ആശങ്കയും പല രാജ്യങ്ങളും പങ്കുവെച്ചു. ഫത്ത സീരീസില്‍പെട്ടതും 120 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ പാകിസ്താന്‍ തിങ്കളാഴ്ച പരീക്ഷിച്ചിരുന്നു.