എല്ലാ സഞ്ചരികളും ഒരുവട്ടമെങ്കിലും സന്ദർശിക്കേണ്ട രാജ്യമാണ് തായ്‌ലൻഡ്. പുരാതന ക്ഷേത്രങ്ങള്‍, അതിശയകരമായ ഭക്ഷണവിഭവങ്ങൾ, ഊര്‍ജ്ജസ്വലമായ രാത്രിജീവിതം എന്നിവ തായ്ലന്‍ഡിന് സ്വന്തമാണ്. തായ്‌ലൻഡിൽ പോവാതെ ഇങ്ങു ദുബായിൽ തന്നെ തായ്‌ലാൻഡിന്റെ അടുത്തറിയാൻ അവസരമുണ്ട്, ദുബായ് ഗ്ലോബൽ വില്ലേജിൽ. പരമ്പരാഗത തായ് സ്ട്രീറ്റ് ഫുഡ് മുതൽ വർണ്ണാഭമായ വസ്ത്രങ്ങൾ, പരമ്പരാഗത സംഗീതവും നൃത്തവുമെല്ലാം ആസ്വദിക്കാൻ ഈ പവലിയനിൽ എത്തിയാൽ മതി.

പനയോലകളിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച വർണ്ണകുടകൾ മറ്റു പവിലിയനുകളെ അപേക്ഷിച്ച് ഇവിടെ മാത്രം കാണുന്ന ഒന്നാണ്. നേരിട്ട് പെയിന്റ് ചെയ്യുന്നത് കാണാൻ തന്നെ കൗതുകമാണ്. പൂർത്തീകരിച്ച കുടകൾ ഇവിടെ തൂക്കിയിട്ടിരിക്കുന്നത് തന്നെ കാഴ്ചയാണ്.

വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞതാണ് തായ്‌ലൻഡ് പവലിയൻ. കേശാലങ്കാര വസ്തുക്കൾമുതൽ കമ്മലും മാലയും ബാഗുകളും വസ്ത്രങ്ങളും എല്ലാം വിൽക്കുന്ന നിരവധി സ്റ്റാളുകൾ ഇവിടെയും ഉണ്ട്. തായ് പഴവർഗ്ഗങ്ങളും പ്രശസ്തമാണല്ലോ, തായ്‌ലൻഡ് മംഗോ ജ്യൂസും മംഗോ സ്ക്രീമുകളും ഇവിടെ നിന്ന് രുചിക്കാം. മറ്റു പഴങ്ങളുടെ കച്ചവടവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. സന്ദർശകരെ രസിപ്പിക്കാൻ പവലിയനിൽ പാട്ടും നൃത്തവും അരങ്ങേറും.