ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് എം. എസ് ധോണി. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ വിഘ്‌നേഷ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ റിതുരാജ് ഗെയ്ക്‌വാദിനെയും ശിവം ദുബെയേയും ദീപക് ഹൂഡയേയും വീഴ്ത്തി മലയാളികളുടെ അഭിമാനമായി മാറി. കേരളത്തിനായി സീനിയർ തലത്തിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത വിഘ്‌നേഷ് പുത്തൂരിന്, ചെന്നൈയിൽ നടന്ന മുംബൈയുടെ ഐപിഎൽ 2025 ഓപ്പണറിൽ ഇത് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിനായി തൻ്റെ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇരുപത്തിനാലുകാരനായ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് എംഎസ് ധോണിയുമായി സംവദിക്കാനും അവസരം ലഭിച്ചു. മുംബൈയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പതിവ് ഹസ്തദാനത്തിന് ശേഷം ബൗണ്ടറി റോപ്പിന് സമീപം നിൽക്കുകയായിരുന്ന എം.എസ്. ധോണി വിഘ്‌നേഷിൻ്റെ അടുത്തേക്ക് നടന്നു, കുറച്ച് നേരം സംസാരിക്കുകയും തുടർന്ന് ധോണി അദ്ദേഹത്തിൻ്റെ തോളിൽ തട്ടി പ്രോത്സാഹന വാക്കുകൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.
മുംബൈ ഇന്ത്യൻസിന്റെ ക്യാപ്പ് ലഭിച്ച ഉടൻ തന്നെ വിഘ്‌നേഷ് പുത്തൂർ മികച്ച പ്രകടനം കാഴ്ചവച്ചു. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇംപാക്റ്റ് പ്ലെയറായി എത്തിയ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ ചെപ്പോക്കിൽ തന്റെ മാജിക് പ്രകടനം കാഴ്ചവച്ചു. റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകൾ ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. സ്പിന്നിന് അനുകൂലമായ പിച്ചിൽ മുംബൈ ബാറ്റ്‌സ്മാൻമാർ 155 റൺസ് മാത്രമാണ് നേടിയെങ്കിലും വിഘ്‌നേഷ് പുഹ്തൂറിൻ്റെ ബോളിംഗ് മികവാണ് ടീമിന് കൂടുതൽ കരുത്തായത്. എന്നാൽ റാച്ചിൻ രവീന്ദ്ര ക്ഷമയോടെ 65 റൺസ് നേടി സിഎസ്‌കെയെ ഫിനിഷിംഗ് ലൈൻ കടക്കാൻ സഹായിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഇല്ലാതെ മോശം പ്രകടനം കാഴ്ചവച്ച മുംബൈ ഇന്ത്യൻസ്, ശനിയാഴ്ച അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഓവർ റേറ്റ് ലംഘനത്തിന് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ച ഹാർദിക് മത്സരത്തിനായി തിരിച്ചെത്തുമ്പോൾ, പരിക്കിനെത്തുടർന്ന് 2025 ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചകളെങ്കിലും ബുംറയ്ക്ക് കളിക്കാൻ കഴിയില്ല.
ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായ വിഘ്‌നേഷ് മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും പുതിയ സ്കൗട്ടിംഗ് രത്നമാണ്. കഴിഞ്ഞ വർഷം കേരളത്തിൽ ഒരു ടി20 ലീഗ് കളിക്കുമ്പോഴാണ് മലപ്പുറത്തുനിന്നുള്ള 24 കാരനെ കണ്ടെത്തിയത്. മുംബൈ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുകയും SA20-ൽ അവരുടെ നെറ്റ് ബൗളറാകാൻ അവസരം നൽകുകയും ചെയ്തു. MI കേപ് ടൗണിൽ, റാഷിദ് ഖാനെപ്പോലുള്ളവർക്കൊപ്പം പ്രവർത്തിക്കാൻ വിഘ്നേഷിന് അവസരം ലഭിച്ചു.