ഹമാസ് ഉന്നത നേതാവ് ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം. ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ് സലാഹ് അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വീണ്ടും ഒരു ഉന്നത നേതാവിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ആശുപത്രിയിൽ നിന്ന് പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബർഹൂം ഖാൻ യൂനിസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഹമാസ് മുൻപ് പറഞ്ഞിരുന്നു. ഹമാസിന്റെ സാമ്പത്തിക വിഭാഗത്തിന്റെ മേധാവിയാണ് ബർഹൂം. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ ഹമാസ് നേതാവാണ് ഇസ്മായിൽ ബർഹൂം