മൂവാറ്റുപുഴ വാഴക്കുളം കാവനയിൽ 58കാരൻ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തിൽ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്ന് സൂചന. എന്നാൽ ആരോഗ്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഫെബ്രുവരി 1 ന് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോയിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 3 ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.
ഗില്ലൻബാരി സിൻഡ്രോം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമല്ലെങ്കിലും രോഗം ബാധിച്ചുള്ള മരണം അപൂർവമാണ്. കോട്ടയം മെഡിക്കൽ കോളജിൽ ഇതേ രോഗം ബാധിച്ച വേറെയും ആളുകൾ ചികിത്സയിലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പെരുവംമൂഴിയിൽ കുടുംബാംഗം സെലിൻ ആണ് ജോയ് ഐപ്പിന്റെ ഭാര്യ. മക്കൾ: ഡോ. അതുൽ, അലൻ. സംസ്കാരം ഇന്ന് നടക്കും.