തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശം എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധനയും തുടങ്ങി. വിമാനത്താവളത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടാകുമെന്നാണ് ഇമെയിൽ സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ വർധിപ്പിച്ചതാണെന്നും അധികൃതർ അറിയിച്ചു.