ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഡൽഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്.
‘ജനശക്തി പരമപ്രധാനമാണ്! വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്ക് ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നമിക്കുന്നു. ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് എളിമയും ബഹുമാനവുമുണ്ട്. ഡൽഹിയുടെ വികസനത്തിലും, ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഉറപ്പാക്കുന്നതിലും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ബിജെപിയിലെ ഓരോ പ്രവർത്തകനിലും അഭിമാനമുണ്ടെന്നു വളരെ കഠിനാധ്വാനം ചെയ്തതാണ് ഈ മികച്ച ഫലം നേടിയതെന്നും കൂടുതൽ ശക്തിയായി പ്രവർത്തിച്ച് ഡൽഹിയിലെ ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി കുറിച്ചു. വൈകിട്ട് ബിജെപി ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.