ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയിരിക്കവേ ആം ആദ്‌മി പാർട്ടിയുടെ വൻമരങ്ങൾ വീണു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽകാജി മണ്ഡലത്തിൽ ജയിച്ചത് എഎപിക്ക് ആശ്വാസ വാർത്തയാണ്.
ബിജെപി സ്ഥാനാർത്ഥി പ്രവേഷ് സിംഗ് കെജ്രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തി. 3182 വോട്ടുകൾക്കാണ് കേജ്രിവാൾ പരാജയപ്പെട്ടത്. എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജനക്പുരി സീറ്റിൽ പരാജയപ്പെട്ടു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 48 സീറ്റിലും ആം ആദ്പമി പാർട്ടി 22 സീറ്റിലും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹി കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. ദക്ഷിണ ഡല്‍ഹിയിലെ ബി.ജെ.പി കുതിപ്പാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. നാല് സീറ്റുകളില്‍ മാത്രമാണ് എ.എ.പിക്ക് ലീഡെടുക്കാനായത്. ദക്ഷിണ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 10 സീറ്റുകളും ന്യൂ ഡല്‍ഹി, ഗ്രേറ്റര്‍ കൈലാഷ്, മാല്‍വിയ നഗര്‍, ആര്‍.കെ പുരം, കസ്തുര്‍ബാ നഗര്‍ സീറ്റുകളാണ് ഇതിലുള്‍പ്പെടുന്നത്.
2020-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 15 സീറ്റുകളില്‍ 14 സീറ്റുകളിലും എ.എ.പിയാണ് വിജയിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ഈ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ എ.എ.പി പതനത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 70 നിയമസഭാ സീറ്റുകളുള്ള ഡൽഹിയിൽ ബുധനാഴ്ച ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ദേശീയ തലസ്ഥാനത്ത് 60.54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.