പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് നടൻ ജയസൂര്യ. ഭാര്യ സരിതയോടൊപ്പം ആണ് ജയസൂര്യ മഹാകുംഭമേളയിൽ പങ്കെടുത്തത്. എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ നിധീഷാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നിരവധി താരങ്ങളാണ് കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നത്.
രണ്ടു ദിവസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയിൽ പങ്കെടുത്തത്. രാവിലെ പ്രത്യേക ബോട്ടിൽ സംഗമത്തിലെത്തെത്തി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച് കയ്യിൽ രുദ്രാക്ഷമാലയുമായി ഗംഗാ ദേവിയെ പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സ്നാനം നടത്തിയത്. അതിവിശിഷ്ടമായ മാഘമാസ ദിനത്തിലാണ് മോദിയുടെ സന്ദർശനം. ഇന്നലെ മുൻ കേരള ഗവർണറും നിലവിൽ ബീഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ മഹാകുംഭമേളയിൽ പങ്കെടുത്തു.
ലോകത്തെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയ്ക്ക് ഇതുവരെ എത്തിയത് 40 കോടി തീർത്ഥാടകർ. ജനുവരി 13ന് കുംഭമേളയുടെ ആരംഭം മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസം പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ, 40 കോടി തീർത്ഥാടകരാണ് കുംഭമേളയിൽ പങ്കെടുത്തതെന്ന് യുപി സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദിവസേന ലക്ഷക്കണക്കിന് വിശ്വാസികളാണ് ഗംഗ, യമുന, സരസ്വതിയുടെ സംഗമസ്ഥാനത്ത് പുണ്യസ്‌നാനം നടത്തുന്നത്. 2025 ലെ മഹാകുംഭമേളയിലെ മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ സ്‌നാന ഉത്സവമായ വസന്ത പഞ്ചമി ദിനത്തിൽ 16.58 ലക്ഷം തീർത്ഥാടകരാണ് സ്‌നാനം നടത്തിയത്. ജനുവരി 29ന് മൗനി അമാവാസി ദിനത്തിലും ലക്ഷക്കണക്കിന് പേർ കുംഭമേളയിൽ പങ്കെടുത്തിരുന്നു.
രാജ്യത്തെ വിവിധ മേഖലയിലെ നിരവധി പ്രശസ്തർ ഇതിനോടകം കുംഭമേളക്ക് എത്തിയിരുന്നു. ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്വാൾ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു. കുംഭമേളയിൽ പങ്കെടുത്ത് ത്രവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ സൈന നെഹ്വാൾ കുംഭമേളയെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമെന്നാണ് വിശേഷിപ്പിച്ചത്. ഇന്നും നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് കുംഭമേളയുടെ പുണ്യം തേടി ഒഴുകിയെത്തുന്നത്.