രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാണ് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, ഏതാണ്ട് 10 മണിയോടെ ഡൽഹി ഇനി ആര് ഭരിക്കും എന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങും. എക്സിറ്റ് പോൾ ഫലങ്ങൾ ഏറെയും ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ ഭരണ തുടർച്ച ഉണ്ടാവുമെന്നാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്. ആം ആദ്മി പാർട്ടിയും ഭാരതീയ ജനതാ പാർട്ടിയും സർക്കാരുകൾ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബി ജെ പിക്ക് വിജയം പ്രവചിച്ചതോടെ എ എ പി ക്യാമ്പ് വലിയ ആശങ്കയിലാണ്. അതേസമയം ചില മേഖലകളിൽ വോട്ടിങ് ശതമാനം കുറഞ്ഞത് ബിജെപിക്കും ആശങ്കക്ക് വകനൽകുന്നുണ്ട്.
ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ദില്ലിയിലുള്ളത്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്.
ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സി സി ടി വി നിരീക്ഷണവും തുടരുകയാണ്.
കഴിഞ്ഞ രണ്ട് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റ അക്കത്തിലേക്ക് ഒതുങ്ങിയ ബിജെപി, 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം. ബുധനാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും ഡൽഹിയിൽ ഭരണമാറ്റം പ്രവചിച്ചു. 2015, 2020 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വൻ വിജയം നേടിയ അരവിന്ദ് കേജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിക്ക് ഈ പ്രവചനങ്ങൾ വലിയ തിരിച്ചടിയാണ്. ഷീല ദീക്ഷിതന്‍റെ ‘സുവർണ്ണ കാലഘട്ടം’ കഴിഞ്ഞതിന് ശേഷം ഡൽഹിയിൽ കോൺഗ്രസ് 1–2 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്.