അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യമിട്ട് നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ ഏർപ്പെട്ടിരുന്നുവെന്നും നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അടിസ്ഥാനരഹിതമായ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചുകൊണ്ട് ഐസിസി അധികാരം ദുരുപയോഗം ചെയ്തുവെന്നുമാണ് ട്രംപ് ഒപ്പിട്ട ഉത്തരവിൽ ആരോപിക്കുന്നത്.
അമേരിക്കയെയും ഇസ്രായേലിനെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി ടാർഗറ്റ് ചെയ്യുന്നുവെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഐസിസിക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്നും ട്രംപ് അറിയിച്ചു. അന്താരാഷ്ട്ര കോടതിയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്നും ട്രംപ് അറിയിച്ചു. നെതന്യാഹു വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെയാണ് ട്രംപിന്റെ നടപടി. ചൊവ്വാഴ്ച അദ്ദേഹവും ട്രംപും വൈറ്റ് ഹൗസിൽ ചർച്ച നടത്തി, വ്യാഴാഴ്ച നെതന്യാഹു കാപ്പിറ്റോൾ ഹില്ലിൽ നിയമനിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ട്രംപിന്റെ ഈ നീക്കം മനുഷ്യാവകാശ പ്രവർത്തകരുടെയും അന്താരാഷ്ട്ര സഖ്യകക്ഷികളുടെയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
2023 ഒക്ടോബറിലെ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലും തിരിച്ചടിച്ചിരുന്നു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ നിരവധി പലസ്തീനികള്‍, കുട്ടികള്‍ ഉള്‍പ്പെടെ, കൊല്ലപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം.