യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് നാടുകടത്തുന്നതിനെച്ചൊല്ലി പാർലമെന്റിൽ ബഹളം. പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തിൽ പാർലമെൻ് ഇളകിമറിഞ്ഞു. തുടർന്ന് ലോക്‌സഭയും രാജ്യസഭയും അൽപ്പനേരം നിർത്തിവച്ചു. പാർലമെന്റ് നടപടികൾ പുനരാരംഭിച്ച ഉടൻ 104 ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെടുകയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിൽ നിന്ന് പ്രസ്താവന ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരണം നൽകി. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു.നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു.
ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനെന്ന് രൺദീപ് സുർജെവാല ചോദിച്ചു. അമേരിക്കൻ തടവിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോൺഗ്രസ് കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും ചോദിച്ചു. ഇന്ത്യക്കാരെ നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ജോൺ ബ്രിട്ടാസ് എംപിയും ചോദിച്ചു. നരേന്ദ്ര മോദിയുടെ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമോ എന്ന് ശിവസേനയും ചോദിച്ചതോടെ രാജ്യസഭയിൽ ബഹളമായി. എന്നാൽ 104 പേർ മടങ്ങി വരുന്ന കാര്യം അറിയാമായിരുന്നു എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിമാനം ഇറങ്ങാൻ അനുമതി ഇന്ത്യ നൽകിയിരുന്നു. മടങ്ങിയെത്തിയവരിൽ നിന്ന് ഏജൻറുമാരുടെ വിവരം ശേഖരിച്ചുവെന്നും വ്യക്തമാക്കിയഎസ് ജയശങ്കർ സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.