ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷന് സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് (27) ആണ് അക്രമം നടത്തിയത്.
സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദ്. ജിബിൻ ജോർജ് അക്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചുമണിയോടെ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ.