മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ബുധനാഴ്ചയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തീപിടിത്തത്തിൽ പരിഭ്രാന്തരായ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി, തൊട്ടടുത്ത ട്രാക്കിൽ എതിർദിശയിൽ നിന്ന് വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് ഓടുന്ന പുഷ്പക് എക്‌സ്‌പ്രസ് ജൽഗാവിന് സമീപമാണ് സംഭവം. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണമടഞ്ഞത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്.
ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്ർറെ വീലുകളിൽ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി ചങ്ങല വലിക്കുകയും പുറത്തേക്ക് ചാടുകയുമായിരുന്നു. B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. ട്രെയിനിൽ നിന്ന് ചാടിയ ശേഷം ഇവരിൽ കുറച്ചുപേർ തൊട്ടടുത്ത ട്രാക്കിൽ വീഴുകയും, അതേസമയം കടന്നുപോവുകയായിരുന്ന കർണാടക എക്‌സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു.
എന്നാൽ, കോച്ചിനുള്ളിൽ തീപ്പൊരിയോ തീയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കൃത്യമായ മരണസംഖ്യയും പരിക്കേറ്റവരുടെ അവസ്ഥയും പരിശോധിച്ചുവരുന്നുവെന്നും അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തകരും ഉൾപ്പെടെ മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി, ഭൂസാവലിലെ ഡിവിഷണൽ റെയിൽവേ മാനേജർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.