യുഎസിൽ അനധികൃതമായി താമസിക്കുന്ന 18,000 കുടിയേറ്റക്കാരെ ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞതായും അവരെ തിരിച്ചെത്തിക്കാൻ നടപടികൾ തുടങ്ങിയതായും റിപോർട്ടുകൾ പുറത്തുവരുന്നു. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. ദേശീയ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും യുഎസ്-മെക്സിക്കോ അതിർത്തിയിൽ സൈനികരെ അണിനിരത്തുന്നതും ഉൾപ്പെടെ ട്രംപിൻ്റെ ഓഫീസിലെ ആദ്യ എക്സിക്യൂട്ടീവ് നടപടികളിൽ പലതും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ തടയുന്നത് ലക്ഷ്യം വച്ചുള്ളതാണ് .
രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചറിയാൻ ഇന്ത്യൻ സർക്കാർ യുഎസ് അധികാരികളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്നും പുറത്തുവരുന്ന റിപോർട്ടുകൾ പറയുന്നു. യുഎസിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ വംശജരായ 18,000 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് ബന്ധപ്പെട്ടവൃത്തങ്ങൾ പറയുന്നു. പ്യൂ റിസർച്ച് സെൻ്റർ പറയുന്നതനുസരിച്ച് യുഎസിൽ 725,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് മെക്സിക്കോ, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ കഴിഞ്ഞാൽ മൂന്നാമത്തെ വലിയ സംഘമാണ്.