കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന തുക. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്‍ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്.
എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെൻ്റർ ഏജന്‍റ്. W402 ആണ് ഏജൻസി നമ്പർ. സമ്മാനാർഹൻ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചു. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്‍റാണെന്നും ബമ്പറിൻ്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്‍റ് നാഗരാജ് പ്രതികരിച്ചു. അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലെത്തിയത്.
80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു.