ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ എത്തിച്ചപ്പോൾ ഒരു നാടുമുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ വീട്ടിലെത്തി. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിശേഷം രാവിലെ 11.20ഓടെയാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. കണ്ണാടിക്കൽ മുതൽ വീട്ടിലേക്ക് നടത്തിയ പദയാത്രയ്ക്ക് മുന്നില്‍ മന്ത്രി എ കെ ശശീന്ദ്രനും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎല്‍എയും തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും നടന്നു. ഈശ്വർ മാൽപയും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് ജനസാഗരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. അർജുൻ തന്നെ പണി കഴിപ്പിച്ച അമരാവതി എന്ന വീടിന്റെ മുറ്റത്ത് ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തിയത്. അച്ഛനെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നു വയസുകാരൻ മകൻ അയാൻ കണ്ടുനിന്നവരുടെ എല്ലാം കണ്ണുകളെ ഈറനണിയിച്ച നൊമ്പരമായി. അർജുന്‍റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, അമ്മ ഷീല, അച്ഛൻ പ്രേമൻ എന്നിവർ വിങ്ങിപ്പൊട്ടി യാത്രാമൊഴിയേകി.
കേരളത്തിന്‍റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങൾക്ക് ശേഷം അർജുൻ മടങ്ങിയത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കിൽ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു.
ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി രാവിലെ ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു.