ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, കുട്ടിയ്ക്കായി വാങ്ങിയ കളിപ്പാട്ടവും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.
അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകളും ലോറിയിൽ നിന്നും കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു.
വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിന്റെ അവസാന മടക്ക യാത്രയാണിത്. ആംബുലൻസിലെ കർണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും. രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും. അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീട്ടു വളപ്പിൽ തന്നെയാണ് അർജുന് വേണ്ടി ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
.