മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും.
ബലാത്സംഗക്കുറ്റമാണ് പ്രതിയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ് ഐ ടി അറിയിക്കും. മോശം പെരുമാറ്റം പരാതിയിൽ അഡ്വ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന് സത്യവാങ്മൂലം നൽകാനുള്ള നിലപാടിലാണ് പൊലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്. ആരോപണങ്ങൾക്ക് പിന്നാലെ മുകേഷിന്റെ രാജി ആവശ്യം ഉയർന്നെങ്കിലും മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ലൈംഗിക ആരോപണ വിധേയനായ എം മുകേഷ് എംഎല്‍എയോട് രാജിവെക്കാന്‍ സിപിഐഎം ആവശ്യപ്പെടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
മുകേഷിന്‍റെ രാജിയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. പാര്‍ട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. രാജ്യത്ത് 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംപി സ്ഥാനവും എംഎല്‍എ സ്ഥാനമോ രാജി വെച്ചിട്ടില്ല. കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് എതിരെ കേസുണ്ട്. ഉമ്മന്‍ ചാണ്ടി മുതലുള്ള ആളുകളുടെ പേരില്‍ കേസുണ്ട്. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാര്‍ രാജി വെക്കുന്നത്. എംഎല്‍എ നിരപരാധിയാണെന്ന് കണ്ടാല്‍ തിരിച്ചെടുക്കാന്‍ അവസരമില്ല. സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തില്‍ എംഎല്‍എ ആയതുകൊണ്ട് ഒരു പരിഗണനയും നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നയമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ധാര്‍മികത നിയമസംഹിത അല്ല.തിരഞ്ഞെടുപ്പ് നിയമമാണുള്ളത്. ധാര്‍മികതയുടെ പേരില്‍ രാജിവച്ചശേഷം കുറ്റവിമുക്തനായാല്‍ ധാര്‍മികതയുടെ പേരില്‍ തിരിച്ചു വരാന്‍ ആകില്ല. എന്നാല്‍ മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.