പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് സന്ദർശനത്തിനായി യാത്ര തിരിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക്, പ്രസിഡന്റ് ആൻഡ്രെജ് ദുഡ എന്നിവരുമായി ചർച്ച നടത്തും. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യയും പോളണ്ടും നയതന്ത്ര ബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം.
മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയായി പോളണ്ടിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവിടത്തെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമെന്നും പുറപ്പെടൽ പ്രസ്താവനയിൽ പറഞ്ഞു. “നയതന്ത്ര ബന്ധത്തിൻ്റെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ് പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള ഞങ്ങളുടെ പരസ്പര പ്രതിബദ്ധത ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനെപ്പോലുള്ള ആഗോള നേതാക്കൾ നേരത്തെ യാത്ര ചെയ്ത ആഡംബര ‘ട്രെയിൻ ഫോഴ്‌സ് വണ്ണിൽ’ പോളണ്ടിൽ നിന്ന് ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി മോദി ഉക്രെയ്‌നിലേക്ക് പോകും . പ്രസിഡൻ്റ് വോളോദിമർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. “പോളണ്ടിൽ നിന്ന്, പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ക്ഷണപ്രകാരം ഞാൻ ഉക്രെയ്ൻ സന്ദർശിക്കും. ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌നിലേക്കുള്ള ആദ്യ സന്ദർശനമാണിത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് സെലൻസ്‌കിയുമായി നേരത്തെ നടത്തിയ സംഭാഷണങ്ങൾ വികസിപ്പിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. നിലവിലുള്ള ഉക്രെയ്ൻ സംഘർഷത്തിൻ്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുക,” അദ്ദേഹം പറഞ്ഞു.