സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്. എന്നാൽ ഇന്ന് തെക്കൻ കേരളം അടക്കമുള്ള ചില പ്രദേശങ്ങൾക്ക് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും അലർട്ടകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ തീരദേശത്ത് കർശന നിർദ്ദേശമാണെന്നും വിദഗ്ധർ പറയുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു2024 ജൂൺ 29, 30, ജൂലൈ 01 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
മഴ കുറയുന്നുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവ് സ്റ്റേഷൻ (കരമന നദി), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി), തുംപമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി) എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 30-06-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.