സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് തുറന്നടിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗം വിലയിരുത്തി. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി.
തോമസ് ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും വിലയിരുത്തലുണ്ടായി. പത്തനംതിട്ടയിൽ മത്സരിക്കേണ്ടത് രാജു എബ്രഹാം ആയിരുന്നു.
മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും നേരെ വിമർശനം ഉയർന്നു. ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും വിമർശനമുണ്ടായി.