നടന്‍ രജനികാന്തിന് ഗോള്‍ഡന്‍ വിസ നൽകി യുഎഇ. അബുദാബി ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് രജനികാന്തിന് യുഎഇ ഗോള്‍ഡന്‍ വിസ നൽകിയത്. വ്യവസായിയും അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി ഉദ്യോഗസ്ഥരോടൊപ്പം നടപടികൾ പൂർത്തിയാകുന്നതിന് സഹായിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നതായും അബുദാബി സര്‍ക്കാറിനും സുഹൃത്ത് യൂസഫലിയ്ക്കും നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.
യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും താരം സന്ദർശിച്ചു. പിന്നീട് ബിഎപിഎസ് ഹിന്ദു മന്ദിറും അബുദാബിയിലെ ഷെയ്ഖ് സായിദ് വലിയ പള്ളിയും സന്ദർശനം പൂർത്തിയാക്കിയാണ് നടൻ മടങ്ങിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എം.എ. യൂസഫലിയെ സന്ദര്‍ശിക്കാന്‍ രജനികാന്ത് അബുദാബിയിലെ വീട്ടിലെത്തിയിരുന്നു. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദര്‍ശിച്ചു. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
നേരത്തെ മമ്മുട്ടി, മോഹന്‍ലാൽ തുടങ്ങിയ നടന്മാർക്കും ഗോൾഡന്‍ വീസ ലഭിച്ചിരുന്നു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ മലയാളികൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.