പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്ന് രാവിലെ പ്രധാനമന്ത്രി കാശി സന്ദർശിച്ചു. ഇതിന് പിന്നാലെയാണ് വരണാധികാരിയ്ക്ക് മുന്നിലെത്തി മോദി പത്രിക സമർപ്പിച്ചത്. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
11.40 പ്രധാനമന്ത്രി പത്രിക സമർപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ 11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും മുതിർന്ന ബിജെപി നേതാക്കളും എത്തിച്ചേർന്നിരുന്നു. വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയിൽ ഒപ്പുവെയ്ക്കാൻ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരാണ് മോദിയുടെ പത്രികയിൽ ഒപ്പുവെച്ചത്.
“2014-ൽ കാശിയിൽ പോയപ്പോൾ, ‘മാ ഗംഗ’ (ഗംഗ നദി) എന്നെ നഗരത്തിലേക്ക് ക്ഷണിച്ചതായി എനിക്ക് തോന്നി. എന്നിരുന്നാലും, 10 വർഷത്തെ കാശി സന്ദർശനത്തിന് ശേഷം, ഇന്ന് എനിക്ക് ‘ആജ് മാ ഗംഗാ നീ മുജെ ഗോഡ്’ എന്ന് പറയാൻ കഴിയും. ലെ ലിയ ഹായ്’ (ഇന്ന് മാ ഗംഗ എന്നെ ദത്തെടുത്തു),” പ്രധാനമന്ത്രി മോദി വീഡിയോയിൽ പറഞ്ഞു.
നാമ നിർദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി 2014ൽ വാരാണസിയിൽ നിന്ന് ആദ്യമായി മത്സരിച്ച പ്രധാനമന്ത്രി മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും ഘട്ടത്തിൽ ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന സീറ്റിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുകയാണ്.