ദുബായ് ഗ്ലോബൽ വില്ലേജ് 28-ആം സീസൺ അവസാനിച്ചു. ഈ സീസണിൽ 10 മില്യൺ സന്ദർശകർ ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിച്ചതായി മാനേജ്‌മെന്റ്റ് അറിയിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഗ്ലോബൽ വില്ലജ് ഈ വർഷം ആരംഭിച്ചതുമുതൽ വല്യ തിരക്കാണ് അനുഭവപ്പെട്ടത്. 10 മില്യൺ സന്ദർശകർ എന്നത് റെക്കോർഡ് എന്ന ശ്രദ്ധേയമായ നാഴികക്കല്ല് ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ദുബായ് ഹോൾഡിംഗ് എൻ്റർടൈൻമെൻ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെർണാണ്ടോ ഇറോവ പറഞ്ഞു.
നേരത്തെ നിശ്ചയിച്ചതിലും നിന്നും ദുബായ് ഗ്ലോബൽ വില്ലേജ് പ്രവർത്തനം മൂന്നു ദിവസത്തേക്കുകൂടി നീട്ടിയിരുന്നു. നേരത്തെ മെയ് 5 ഞായറാഴ്ച അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനസമയം നീട്ടണമെന്നുള്ള ആവശ്യം ശക്തമായ സാഹചര്യത്തിൽ ബുധനാഴ്ച വരെ സന്ദർശകർക്ക് ‘ബോണസ്’ അനുവദിച്ചതായി അധികൃതർ അറിയിച്ചു. സീസൺ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രവർത്തന സമയവും വർധിപ്പിച്ചിരുന്നു. കൂടാതെ 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 18ന് ആണ് ഗ്ലോബൽ വില്ലേജ് 28-ആം സീസൺ തുടങ്ങുന്നത്. ഏപ്രിൽ 28 വരെയാണ് ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീട് മേയ് അഞ്ചുവരെ ഗ്ലോബൽ വില്ലേജ് പ്രവർത്തനം നീട്ടുകയായിരുന്നു. എന്നാൽ സന്ദർശകബാഹുല്യവും പ്രവർത്തനസമയം നീട്ടണമെന്നുള്ള ആവശ്യവും പരിഗണിച്ച് വീണ്ടും മൂന്ന് ദിവസം കൂടി നീട്ടുകയായിരുന്നു.
സീസൺ 28-ൽ, ഗ്ലോബൽ വില്ലേജ് 27 പവലിയനുകളിലായി 90-ലധികം സംസ്കാരങ്ങൾ പ്രദർശിപ്പിച്ചു. 400 കലാകാരന്മാരുടെ കഴിവുകൾ പ്രദർശിപ്പിച്ചു, 40,000 ത്തിലധികം പ്രകടനങ്ങൾ പ്രേക്ഷകർക്കായി സമർപ്പിച്ചു. 200-ലധികം റൈഡുകളും വിനോദ പരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന ആകർഷണങ്ങളും അരങ്ങേറിയിരുന്നു. കൂടാതെ 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250-ലധികം ഡൈനിംഗ് ഓപ്ഷനുകളും എല്ലാമായി ഉത്സവാന്തരീക്ഷം തീർത്ത ആഗോളഗ്രാമത്തിന്റെ 28 ആം സീസണാണ് കൊടിയിറങ്ങിയത്