‘സിക്ക് ലീവിൽ’ പോയ ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. ഫ്ളൈറ്റ് ഓപ്പറേഷൻ തടസ്സപ്പെടുത്തിയതും നിയമന വ്യവസ്ഥകൾ ലംഘിച്ചതും കണക്കിലെടുത്താണ് ജീവനക്കാർക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 100-ലധികം ക്രൂ അംഗങ്ങൾ പെട്ടെന്ന് മെഡിക്കൽ ലീവിൽ പോയതിനാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയർലൈന് 90 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിലെ മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പണിമുടക്കിൻ്റെ ഭാഗമായിരുന്നു ഈ കൂട്ട അവധി.
കഴിഞ്ഞ ചൊവ്വാഴ്ച, എയർലൈനിൻ്റെ പല വിമാനങ്ങളും പറന്നുയരാൻ കുറച്ച് സമയം മാത്രം അവശേഷിക്കെ റദ്ദാക്കിയിരുന്നു. അവസാന നിമിഷം ക്യാബിൻ ക്രൂ അംഗങ്ങൾ രോഗിയാണെന്ന് റിപ്പോർട്ട് ചെയ്യുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതാണ് കാരണം.
ഇതിനിടെ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ക്ഷമാപണം നടത്തുകയും ഒരു പ്രസ്താവന പോസ്റ്റ് ചെയ്യുകയും ചെയ്തു, ‘കാലതാമസവും റദ്ദാക്കലും മൂലമുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. തടസ്സങ്ങൾ കുറയ്ക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങളുടെ ഫ്ലൈറ്റിനെ ഏതെങ്കിലും രീതിയിൽ ബാധിച്ചാൽ റീഫണ്ട് ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമായി WhatsApp-ലോ http://airindiaexpress.com/support-ലോ ബന്ധപ്പെടുക.’