എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും തുടർന്നുണ്ടായ സംഭവവികാസങ്ങളിലും വ്യോമയാന മന്ത്രാലയം എയർലൈൻ കമ്പനിയോട് വിശദമായ റിപ്പോർട്ട് തേടി. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസിന് നിർദേശം നൽകുകയും ചെയ്തു.
എഐഎക്സ് കണക്റ്റുമായി (മുമ്പ് എയർഏഷ്യ ഇന്ത്യ) ലയിക്കുന്ന പ്രക്രിയയിലിരിക്കുന്ന എയർലൈൻ, പ്രതിദിനം 360 ഫ്ലൈറ്റ് സർവീസുകളാണ് നടത്തുന്നത്. എന്നാൽ കുറച്ചുകാലമായി, പ്രത്യേകിച്ച് ലയന പ്രക്രിയ ആരംഭിച്ചതിന് ശേഷം, കുറഞ്ഞ നിരക്കിലുള്ള കാരിയറുകളിലെ ക്യാബിൻ ക്രൂ അംഗങ്ങൾക്കിടയിൽ അതൃപ്തി ഉയർന്നുവന്നിരുന്നു. എയർലൈൻ മാനേജ്‌മെൻ്റും ക്യാബിൻ ക്രൂ അംഗങ്ങളും തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2023 ഡിസംബറിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര തൊഴിൽ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ലേഓവർ സമയത്ത് റൂം പങ്കിടൽ പ്രശ്‌നങ്ങൾ ഉൾപ്പെടെ ക്യാബിൻ ക്രൂ അംഗങ്ങൾ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്.
തൊഴിലാളികളുടെ സമരം മൂലം വിമാനസർവീസ് മുടങ്ങിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. മുന്നറിയിപ്പില്ലാതെയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എയർ ഇന്ത്യ എക്സ്പ്രസ്സ് ക്യാബിൻ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് മുടങ്ങിയത്. അൽ ഐൻ, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. സർവീസുകൾ റദ്ദു ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തി.