ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്ബ ഓഫ്‌ഷൂട്ട് ടിആർഎഫിൻ്റെ ഉന്നത കമാൻഡർ ബാസിത് ദാറിനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. സുരക്ഷാ ഏജൻസികളുടെ ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെട്ട ദാറിനെ പിടികൂടാൻ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയ 18 ലധികം കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.
കുൽഗാമിലെ റെഡ്വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ചയും ഈ ഓപ്പറേഷൻ തുടർന്നു, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച പ്രദേശത്ത് ഒരു ഭീകരനും സുരക്ഷാ സേനയും തമ്മിൽ വീണ്ടും വെടിവയ്പ്പ് നടന്നു. മൂന്നാമത്തെ ഭീകരനെയും കൊലപ്പെടുത്തി. മോമിൻ മിർ എന്ന ഭീകരനാണ് ഒടുവിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ബാസിത് ദാറും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടപ്പോൾ, മിർ സുരക്ഷാ സേനയിൽ നിന്ന് രക്ഷതേടി ഒരു വീടിൻ്റെ മുകളിലത്തെ നിലയിൽ ഒളിച്ചിരിക്കുകയായിരുന്നു. ബുധനാഴ്‌ചയും സുരക്ഷാ സേന തെരച്ചിൽ തുടർന്നു. ഒടുവിൽ മൂന്നാം ഭീകരനെ വളഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
അതിനിടെ, ശനിയാഴ്ച ഐഎഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന പൂഞ്ച്, രജൗരി ജില്ലകളിലെ തിരച്ചിൽ ഊർജിതമാക്കി . ആക്രമണത്തിൽ ഒരു കോർപ്പറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.