കേരള തീരത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് വീണ് മുങ്ങിത്താഴ്ന്ന തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി കോസ്റ്റ് ഗാർഡ്. തമിഴ്‌നാട്ടിലെ കുളച്ചൽ സ്വദേശിയായ 26 കാരനായ അജിൻ എന്ന മത്സ്യത്തൊഴിലാളിയെ ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ ഐഎഫ്‌ബി ജസീറയിൽ നിന്ന് രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ബേപ്പൂരിലെ മാരിടൈം റെസ്‌ക്യൂ സബ് സെൻ്ററിനാണ് (എംആർഎസ്‌സി) എഡി ഫിഷറീസിൽ നിന്ന് മെഡിക്കൽ ഡിസ്ട്രസ് കോൾ ലഭിച്ചുത്. ഉടൻ തന്നെ മത്സ്യത്തൊഴിലാളിയെ ഐഎഫ്ബി രക്ഷപ്പെടുത്തിയെങ്കിലും ശ്വാസകോശത്തിലേക്ക് കടലിലെ വെള്ളം കയറിയതിനാൽ ഇയാളുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
രക്ഷാദൗത്യ സെൻ്ററിലേക്ക് ഒരു മത്സ്യത്തൊഴിലാളി കടലിലേക്ക് വീണെന്നും രക്ഷപ്പെടുത്തണമെന്നുള്ള സന്ദേശം എത്തുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സ്ഥലത്തെത്തിയാണ് രക്ഷാദൗത്യം നടത്തിയത്.