ഇന്ത്യയും മാലിദ്വീപും തമ്മിൽ നിലനിൽക്കുന്ന നയതന്ത്രവിള്ളലിനിടെ മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ നാളെ ഇന്ത്യ സന്ദർശിക്കും. അധികാരമേറ്റ ശേഷം വിദേശകാര്യ മന്ത്രി സമീറിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. മാലിദ്വീപിലെ മൂന്ന് സൈനിക പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായിരുന്നു.
ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി സമീറിൻ്റെ സന്ദർശനം അറിയിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.മാലിദ്വീപ്-ഇന്ത്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും സമീർ ജയ്ശങ്കറുമായി ചർച്ച നടത്തുമെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ് മാലിദ്വീപ്. മാലിദ്വീപിൻ്റെ ചൈന അനുകൂല പ്രസിഡൻ്റ് മുഹമ്മദ് മുയിസു ആറുമാസം മുമ്പ് അധികാരമേറ്റതിന് ശേഷം മാലിയിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല യാത്രയിൽ വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യ സന്ദർശിക്കും. മെയ് 9 വ്യാഴാഴ്ചയാണ് സന്ദർശനം.
അതേസമയം ഇന്ത്യൻ വിനോദസഞ്ചാരികളോട് മാലിദ്വീപും സന്ദർശിക്കണമെന്ന് ദ്വീപ് രാഷ്ട്രത്തിൻ്റെ അധികൃതർ അഭ്യർത്ഥന നടത്തിയിരുന്നു . മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാനാണ് ടൂറിസം മന്ത്രി അഭ്യർത്ഥിച്ചത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ തൻ്റെ രാജ്യവും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞിരുന്നു.