ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ തിരിച്ചെത്തി. കസേരയിൽ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്ന് സുധാകരൻ പറഞ്ഞു. കടുത്ത നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് സുധാകരൻ അറിയിച്ചതോടെയാണ് ചുമതല ഏൽക്കാൻ ദില്ലിയുടെ അനുമതി കിട്ടിയത്. രാവിലെ എകെ ആൻറണിയെ വീട്ടിലെത്തി കണ്ടാണ് സുധാകരൻ കെപിസിസിയിലെത്തിയത്.
അതേസമയം ചുതലയേൽക്കൽ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല. മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ തിരിച്ചെടുത്തതടക്കം ഹസൻ പ്രസിഡന്റായിരിക്കെ കൈക്കൊണ്ട പല തീരുമാനങ്ങളും റദ്ദാക്കുമെന്ന് സുധാകരൻ സൂചിപ്പിച്ചു. പദവി തിരിച്ചുനൽകൽ ഔദ്യോഗിക ചടങ്ങല്ലെന്നാണ് നേതാക്കളുടെ വിശദീകരണമെങ്കിലും വിട്ടുനിൽക്കലിന് കാരണം അതൃുപ്തി തന്നെയാണെന്നാണ് അണിയറ സംസാരം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒഴിഞ്ഞ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള വഴികള്‍ കെ സുധാകരന് എളുപ്പമായിരുന്നില്ല. തെരഞ്ഞെടുപ്പ് തീർന്നപ്പോൾ സ്വാഭാവികമായി കിട്ടേണ്ട പദവിക്കെതിരെ സംസ്ഥാനത്തു നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഹസ്സൻ ഇരുന്ന കസേരയുടെ സ്ഥാനം മാറ്റിയിട്ടാണ് കെ സുധാകരൻ ചുമതലയേറ്റെടുത്തത്. ഒന്ന് മാറിനിന്നപ്പോൾ കസേര വലിക്കാൻ ശ്രമമുണ്ടായോ എന്ന ചോദ്യത്തിന് കസേരിയില്‍ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.