കാഴ്ചകളുടെ വിരുന്നൊരുക്കിയും തലയെടുപ്പുകൊണ്ടും ഗ്ലോബൽ വില്ലേജിൽ ഏറ്റവും മുന്നിൽ നില്കുന്ന പവിലിയനുകളിൽ ഒന്നാണ് ഇന്ത്യ പവലിയൻ. എല്ലാ വർഷവും വ്യത്യസ്ത ആശയങ്ങളിൽ ആണ് പവലിയൻ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ലാൻഡ്‌മാർക്കുകളിലൊന്നും വിനോദസഞ്ചാരികൾക്കിടയിൽ പ്രിയങ്കരവുമായ രാജസ്ഥാനിലെ ഹവാ മഹലിന്റെ മാതൃകകയിലാണ് ഈ പവലിയൻ നിർമ്മിച്ചിട്ടുള്ളത്.
ഇന്ത്യയെന്ന രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങളുടെ ചെറുരൂപമാണ് ഈ പവലിയൻ. ഇന്ത്യയിലെ സംസ്കാരവൈവിധ്യവും ഭാഷാ വേഷ ഭക്ഷണ വൈവിധ്യവുമെല്ലാം പവിലിയനിൽ പ്രകടമാണ്. തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും എല്ലാ വസ്തുക്കളും ഇവിടെ പ്രദർശനത്തിനും വില്പനക്കുമായി വച്ചിട്ടുണ്ട്. തുകൽ വസ്ത്രങ്ങൾ, കരകൗശലവസ്തുക്കൾ, ചെരിപ്പുകൾ, പുരാതനവസ്തുക്കൾ, കേരളത്തിൽ നിന്നുള്ള ചായയും കാപ്പിയും മസാലക്കൂട്ടുകളും ഉൾപ്പെടെ വിശാലമായ വിപണനം കേന്ദ്രം കൂടി ആവുകയാണ് ഇന്ത്യ പവലിയൻ. തുണിത്തരങ്ങളുടെ വിപണിയും സജ്ജീവമാണ്.
റെഡിമെയ്ഡ് വസ്ത്രങ്ങൾ മുതൽ കൈകൊണ്ടു തുന്നിയ വസ്ത്രങ്ങളും പെയിന്റിംഗ് നടത്തിയവയും. ചിത്രപ്പണികലും എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങളുമെല്ലാം ഇവിടെ സുലഭമായി ലഭിക്കും. ഇവിടെ എത്തുന്ന ഓരോ സന്ദർശകനും വിരുന്നൂട്ടാൻ എല്ലാ ദിവസവും ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കലയോടും വാസ്തുവിദ്യയോടുമുള്ള രാജ്യത്തിന്റെ സ്നേഹം ഇന്ത്യാ പവലിയനിൽ ദൃശ്യമാണ്. തത്സമയ സംഗീതവും നൃത്ത പരിപാടികളും ആസ്വദിക്കാനും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്വാദിഷ്ടമായ പാചകരീതി ആസ്വദിക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്ന രീതിയിലുമാണ് ഈ പവലിയനിൽ ഒരുക്കിയിരിക്കുന്നത്
രാജസ്ഥാനിൽ നിന്നെത്തിയ ഒരുകൂട്ടം സ്ത്രീകളും ഇവിടെ ചെറുചിരിയോടെ സന്ദർശകരെ സ്വീകരിക്കും. മാലയും കമ്മലും വളകളൂം അങ്ങനെ തനി രാജസ്ഥാനി ആഭരങ്ങളുമായാണ് അവർ ഇവിടെ എത്തിയിരിക്കുന്നത്.
പരവതാനികളും, ജയ്പുരി രജായി, തടികൊണ്ട് നിർമ്മിച്ച വസ്‌തുക്കൾ, ലോഹ കരകൗശല വസ്തുക്കൾ, വെള്ളി ഫർണിച്ചറുകൾ, ടെറാക്കോട്ട പാത്രങ്ങൾ, ഗുജറാത്തി രീതിയിൽ നിർമ്മിച്ച കരകൗശല വസ്തുക്കൾ, പിച്ചള പാത്രങ്ങൾ, തുകൽ വസ്തുക്കൾ, വിലയേറിയ കല്ലുകൾ, മുത്തുകൾ, ആഭരണങ്ങൾ, വിവിധ വർക്കുകളുള്ള ലേഡീസ് വസ്ത്രങ്ങൾ, കമ്പിളി സ്യൂട്ടുകൾ, കാശ്മീരി കമ്പിളി ഷാളുകൾ, ഗുജറാത്തി സാരി , പഞ്ചാബി ജൂട്ടികൾ എന്നിവ എല്ലാം പവലിയനിൽ ഉണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകർ ഇവിടെയെത്തുകയും ഇവയെല്ലാം വാങ്ങുകയും ചെയ്യുന്നുണ്ട്.
വടക്കേ ഇന്ത്യൻ തെരുവ് ഭക്ഷണം മുതൽ ഏറ്റവും ജനപ്രിയമായ ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങൾ വരെ ഇവിടെ ലഭ്യമാവും, പ്രാദേശിക പാനീയങ്ങളുടെ ഒരു നിര മുതൽ വായിൽ വെള്ളമൂറുന്ന മധുരപലഹാരങ്ങൾ വരെ ഇവിടെ ഉണ്ട്. കാശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ രുചിയൂറുന്ന ഭക്ഷണവും കഴിച്ചാണ് ആളുകൾ ഇന്ത്യപവിലിയനിൽ നിന്ന് മടങ്ങുന്നത്.