ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ സാഹിൽ വർമയെ കപ്പലിൽ നിന്ന് കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഇതുവരെ മകനെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതോടെ പിതാവ് സുബാഷ് ചന്ദർ കേന്ദ്ര സർക്കാരിൻ്റെ സഹായം തേടി. ജമ്മുവിലെ ഗൗ മൻഹാസനിൽ താമസിക്കുന്ന സുബാഷ് ചന്ദറും അമ്മ രമാ കുമാരിയും കാണാതായ മകൻ്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ ഇടപെടലാണ് തേടിയത്.
കുടുംബവുമായി പങ്കുവെച്ച രേഖാമൂലമുള്ള വിവരങ്ങളിൽ ചന്ദർ അതൃപ്തി പ്രകടിപ്പിച്ചു. “രണ്ട് ദിവസം മുമ്പ് മകനെ കപ്പലിൽ വച്ച് കാണാതായതായി ഫെബ്രുവരി 29 ന് ഒരു കോൾ ലഭിച്ചു…ഞങ്ങൾ അവനുമായി അവസാനമായി സംസാരിച്ചത് ഞായറാഴ്ച (ഫെബ്രുവരി 25) ആണ്. അവന് എന്ത് സംഭവിച്ചുവെന്ന് ഒന്നും അറിയില്ല.” നീതി വേണമെന്നും തൻ്റെ മകൻ എവിടെയാണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
“നാവികസേനയുടെ കപ്പലിൽ നിന്ന് ഒരു സൈനികനെ കാണാതായതും കണ്ടെത്താനാകാത്തതും അതിശയകരമാണ്. കപ്പലിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ കടലിൽ വീഴുന്ന ആരെയും കണ്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ എൻ്റെ മകൻ എവിടെ?” പിതാവ് സുബാഷ് ചന്ദർ ചോദിച്ചു.
നാവികനായ സാഹിൽ വർമയെ ഫെബ്രുവരി 27 ന് നാവിക കപ്പലിൽ നിന്ന് കാണാതായിരുന്നു. സഹിൽ വർമയെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സഹിലിന്റെ പിതാവ് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നത്. എട്ട് ദിവസമായി നിരവധി കപ്പലുകളും വിമാനങ്ങളും ഉൾപ്പെടുന്ന നാവികസേന സംഘം ഉദ്യോഗസ്ഥനായി തിരച്ചിൽ നടത്തുകയാണ്. സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുവിലെ ഘൗ മൻഹാസൻ സ്വദേശിയാണ് കാണാതായ സഹിൽ വർമ. കഴിഞ്ഞ മാസം 27 നാണ് കപ്പലിൽ നിന്ന് സഹിലിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം 29 നാണ് സഹിലിനെ കാണാനില്ലെന്ന വിവരം പിതാവ് സുബാഷ് ചന്ദറിനും അമ്മ രമാ കുമാരിക്കും ലഭിക്കുന്നത്. ഫെബ്രുവരി 25 നാണ് ഇരുവരും മകനോട് അവസാനമായി സംസാരിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് കുടുംബം പറയുന്നു.