രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസില്‍ പ്രതിസന്ധി അതിരൂക്ഷമാവുന്നു. വെള്ളിയാഴ്ച കമ്പനിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചാണ് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. കമ്പനി സിഇഒ ബൈജു രവീന്ദ്രനെതിരെ ഓഹരിപങ്കാളികള്‍ പ്രമേയം പാസാക്കി. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മാറ്റാനും ബൈജു രവീന്ദ്രന്റെ ഭാര്യയും കമ്പനിയുടെ സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥിനെയും അവരുടെ സഹോദരന്‍ റിജു രവീന്ദ്രനെയും ബോര്‍ഡില്‍ നിന്ന് മാറ്റാനും പ്രമേയം പാസാക്കി. ഇന്‍വെസ്റ്റേഴ്‌സ് പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, പീക്ക് തുടങ്ങിയ വലിയ ഓഹരി ഉടമകള്‍ അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.
അസാധാരണ പൊതുയോഗത്തില്‍ വോട്ട് ചെയ്യാന്‍ വെച്ച എല്ലാ പ്രമേയങ്ങളും ഷെയര്‍ഹോള്‍ഡര്‍മാര്‍ ഏകകണ്ഠമായി പാസാക്കി. ബൈജൂസിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. അടിയന്തര ജനറല്‍ ബോഡി യോഗത്തില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദ്ദേശത്തെ 60 ശതമാനത്തിലധികം ഓഹരി ഉടമകളും അനുകൂലിച്ചു. കൂടാതെ നിക്ഷേപക സ്ഥാപനമായ പ്രോസസ് കമ്പനിയുടെ മൂല്യനിര്‍ണ്ണയം 22 ബില്യണ്‍ ഡോളറില്‍ നിന്ന് 5.1 ബില്യണ്‍ ഡോളറായി കുറച്ചു.
നേരത്തെ, എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ നാല് നിക്ഷേപകര്‍ കെടുകാര്യസ്ഥത സംബന്ധിച്ച് എന്‍സിഎല്‍ടിയില്‍ കേസ് ഫയല്‍ ചെയ്യുകയും രവീന്ദ്രനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഓഹരി ഉടമകളും വന്‍കിട നിക്ഷേപകരും എന്ന നിലയില്‍, യോഗത്തിന്റെ സാധുതയെക്കുറിച്ചും അതില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ചും പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇന്‍വെസ്റ്റര്‍ പ്രോസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രമേയം നടപടിക്രമങ്ങള്‍ക്കനുസൃതമായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. എന്‍ജിനീയറിങ് ബിരുദധാരിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011ലാണ് ബൈജൂസ് സ്ഥാപിച്ചത്. 2015ലാണ് ബൈജൂസെന്ന ലേണിംഗ് ആപ്പ് ലോഞ്ച് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബൈജൂസ് ഒരു പഠന ആപ്പ് എന്ന നിലയില്‍ പ്രശസ്തമാവുകയും ചെയ്തിരുന്നു. അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ഈ സ്റ്റാര്‍ട്ടപ്പ് ഏറെ പ്രചാരം നേടി. സ്‌കൂളുകളും കോച്ചിംഗും അടച്ചിട്ടിരുന്ന കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന് ഏറ്റവും വലിയ കുതിപ്പായിരുന്നു.