റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ഇത്തവണയും നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിർത്തി. 6.5 ശതമാനമായി റിപ്പോ നിരക്കുകള്‍ നിലനിര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിയുടെ മോണിട്ടറി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഇത് ആറാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിക്കുന്നത്.അതേസമയം പുതിയ പ്രഖ്യാപനത്തോടെ പലിശ നിരക്കുകളിലും മാറ്റമുണ്ടാവില്ല. മാക്രോ ഇക്കണോമിക്, സമ്പദ് ഘടനയിലെ പുതിയ മാറ്റങ്ങള്‍, മൊത്തം സാഹചര്യം എന്നിവ വിലയിരുത്തിയാണ് തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി അഥവാ എസ്ഡിഎഫ് നിരക്ക് 6.25 ശതമാനവും, മാജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി എന്ന എംഎസ്എഫ് നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമാണ്. അതേസമയം പണപ്പെരുപ്പത്തിലാണ് ആര്‍ബിഐ പ്രത്യേകം ശ്രദ്ധ നല്‍കുന്നത്. വിലക്കയറ്റം അടക്കം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിക്കുന്നത് ശരിയല്ലെന്നും, വളര്‍ച്ചയാണ് വേണ്ടതെന്നുമാണ് ആര്‍ബിഐ നിലപാട്.
ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ ശതമാകുന്നതും, സാധനങ്ങളുടെ വിലകുറയുന്നതുമെല്ലാം ഇപ്പോഴുള്ള നിരക്ക് നിലനിര്‍ത്താന്‍ കാരണമായിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 4.5 ശതമാനമായിരിക്കും പണപ്പെരുപ്പമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ആദ്യ പാദത്തില്‍ 5 ശതമാനവും, രണ്ടാം പാദത്തില്‍ നാല് ശതമാനവും, മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.7 ശതമാനവും പണപ്പെരുപ്പാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.
2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധനവരുത്തുകയും ചെയ്തു. പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.