ഗതാഗത മന്ത്രിയായി കെ പി ഗണേഷ് കുമാർ സ്ഥാനമേറ്റത്തോടെ മന്ത്രിയുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയെന്നാണ് അറിയുന്നത്. കെഎസ്ആർടിസി എംഡി സ്ഥാനത്തോടൊപ്പം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഗതാഗത മന്ത്രിയായി കെ പി ഗണേഷ് കുമാർ സ്ഥാനമേറ്റത്തോടെ കെഎസ്ആർടിസിയിലെ പൊട്ടിത്തെറികൾ ഒന്നൊന്നായി പുറത്തു വരികയാണ്. കെഎസ്ആർടിസി മാനേജ്മെൻ്റ് കൈകൊണ്ട് പല നടപടികളിലും കടുത്ത വിയോജിപ്പുമായി മന്ത്രി കെബി ഗണേഷ് കുമാർ രംഗത്തെത്തിയതോടെയാണ് മാനേജ്മെൻ്റും മന്ത്രിയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നത്. തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ ഗണേഷ് കുമാർ വിമർശനവുമായി രംഗത്തെത്തിയത് കെഎസ്ആർടിസി മാനേജ്മെൻ്റിനെയും മറ്റു മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാർ തുറന്നുപറഞ്ഞത്. ഈ തുറന്നുപറച്ചിലാണ് നിലവിലെ ഭിന്നത രൂക്ഷമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ഇനി മുന്നോട്ട് പോകാവാൻ കഴിയില്ല എന്ന നിലപാടാണ് ബിജു പ്രഭാകർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിൻറെ ഭാഗമായാണ് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും. കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ പല തീരുമാനങ്ങൾക്കെതിരെയും കെബി ഗണേഷ് കുമാർ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഈ തുറന്നുപറച്ചിൽ മാനേജ്‌മെൻ്റിൻ്റെ പിടിപ്പുകേടായാണ് വ്യാഖ്യാനിക്കപ്പെട്ടതും. ഈ സാഹചര്യത്തിൽ ഇനി തുടർന്നു പോകാൻ കഴിയില്ല എന്ന നിലപാടാണ് ഇപ്പോൾ ബിജു പ്രഭാകർ കൈകൊണ്ടിരിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെ ആരംഭിച്ച ഇലക്ട്രിക് സർവീസുകൾ ജനങ്ങളുടെ ഇടയിൽ വലിയ മതിപ്പുണ്ടാക്കിയ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഇലക്ട്രിക് വണ്ടികൾ ലാഭകരമല്ലെന്ന മന്ത്രിയുടെ പരാമർശവും ഡീസൽ ബസുകൾ വാങ്ങാൻ ഇത്തവണ ബജറ്റിൽ പണം വകയിരുത്തിയതും ബിജു പ്രഭാകറിനെ ചൊടിപ്പിച്ചിരുന്നെന്നാണ് സൂചനകൾ.
വിദേശ സന്ദര്‍ശനത്തിലായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് തന്നെ എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. അദ്ദേഹം നൽകിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം കൈക്കൊള്ളും.വിദേശത്തു നിന്ന് കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകളില്‍ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ളതും അദ്ദേഹം സ്ഥാനമൊഴിയുന്നതിൻ്റെ സൂചനകൾ ആണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായതോടെ പൊതുജനങ്ങൾക്കിടയിൽ നിന്ന് ഗണേഷ് കുമാറിന് നേരെ എതിർപ്പുകളും ഉയർന്നിരുന്നു. അതിനിടയാണ് ബിജു പ്രഭാകർ സ്ഥാനമൊഴിയാന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. അതിനിടെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന പരാതിയും വിവാദമായിരുന്നു.