അമേരിക്കയിലെ ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പിനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എഫ്ബിഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പൊലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഒരാളുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയത്. മറ്റ് ഏഴ്പേരുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. രണ്ട് വീടുകളിൽ നിന്നാണ് ഇത്തരത്തിൽ തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
ചിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ് വെടിവെയ്പുണ്ടായതെന്ന് ഇല്ലിനോയ്സ് അതോറിറ്റി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.