നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. സർക്കാർ -ഗവർണർ ഏറ്റുമുട്ടൽ പാരമ്യത്തിൽ നിൽക്കുന്നതിനിടെയാണ് ഈ മാസം 25ന് തുടങ്ങുന്ന സഭാ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്താനെത്തുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ കരട് പ്രസംഗത്തിനാണ് ഗവർണർ അംഗീകാരം നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ കരട് നയപ്രഖ്യാപനം അവസാന പരിശോധന കൂടി പൂർത്തിയാക്കിയാണ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല എന്നാണ് അറിയുന്നത്. നയപ്രഖ്യാപനത്തിലെ ഏതെങ്കിലും ഭാഗം ഗവർണർ നിയമസഭയിൽ വായിക്കാതെ വിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനമുണ്ടെങ്കിലും ഗവർണർക്കെതിരെ വിമർശനമില്ലെന്നാണ് സൂചന.
മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.