കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി. തന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ അറിയിച്ചു. പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഇന്ന് അവസാനിക്കുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചുവെന്നും സാമൂഹിക മാധ്യമമായ എക്‌സിലൂടെ ദേവ്റ അറിയിച്ചു.
എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അവസാനമാണിന്നെന്നും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഞാന്‍ രാജിവെച്ചുവെന്നും ഇതോടെ എന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാനിന്നും വര്‍ഷങ്ങളായി നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നതായും മിലിന്ദ് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.
ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഒട്ടേറെ തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ മകൻ കൂടിയാണ് മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയില്‍ നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്ന അദ്ദേഹത്തിൻറെ മരണത്തിന് ശേഷമാണ് ഇവിടെ നിന്നും മിലിന്ദ് ദേവ്‌റ മത്സരിക്കുന്നത്. പക്ഷെ കഴിഞ്ഞ രണ്ടു തവണയും ബിജെപിയുടെ ഒപ്പം മത്സരിച്ച ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ നിന്നും വിജയിച്ചത്.