ഉത്തരേന്ത്യയിൽ ശൈത്യം തുടരുന്നതിനിടെ രാജ്യതലസ്ഥാനത്ത് അതിശൈത്യമാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 22 ട്രെയിനുകളാണ് വൈകി ഓടുന്നത്. കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകളെയും ബാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 22 ട്രെയിനുകളാണ് വൈകി ഓടുന്നത്.
ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില 3.5 ഡിഗ്രിയാണ് ഇന്ന് രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഡൽഹി-എൻസിആറിന്റെ മിക്ക മേഖലയിലും കനത്ത മൂടൽമഞ്ഞാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.6 ഡിഗ്രി സെൽഷ്യസാണ്. അടുത്ത 3-4 ദിവസങ്ങളിൽ, ജനുവരി 16 വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡീഗഡ്, പാലം, സഫ്ദർജംഗ്, ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്‌രാജ്, ആസാമിലെ തേസ്പൂർ എന്നിവയിലൂടെ അമൃത്‌സർ മുതൽ ദിബ്രുഗഢ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യപരത പൂജ്യം രേഖപ്പെടുത്തി. ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളിലും ശൈത്യം രൂക്ഷമാണ്. ഹിമാചൽ പ്രദേശിലെ പാർവതി- കാൻഗ്ര താഴ്‌വാരകൾ, കശ്മീർ- ലഡാഖ് മേഖലകൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച സജീവമായിട്ടുണ്ട്. ഉത്തരേന്ത്യയിൽ മഞ്ഞുവീണ് അപകടസാധ്യതയുള്ളതിനാൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിർദ്ദേശം നൽകി.