നവാഗത സംവിധായകനായ ആനന്ദ് ഏകർഷി അണിയിച്ചൊരുക്കുന്ന സസ്പെൻസ് ത്രില്ലറായ ‘ആട്ടം’ സിനിമ ഈ മാസം 11ന് ഗൾഫിൽ പ്രദർശനത്തിനെത്തും. പുതുമുഖ നടി സരിൻ ഷിഹാബാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റു അഭിനേതാക്കൾ അധികവും പുതുമുഖങ്ങളായാണ്. പ്രമുഖ സംരംഭകൻ ഡോ. അജിത്ത് ജോയ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകനായ ആനന്ദ് ഏകർഷിയാണ്.
ഐ.എഫ്.എഫ്.കെ ഉൾപ്പെടെ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആട്ടം. വിനയ് ഫോർട്ട് മുന്‍കൈയ്യെടുത്തതില്‍ നിന്നാണ് ‘ആട്ടം’ എന്ന സിനിമയുണ്ടാകുന്നത്. കേരളത്തിൽ റിലീസായ പടം മികച്ച അഭിപ്രായങ്ങൾ നേടിയ ശേഷമാണ് ഗൾഫിൽ റിലീസിനെത്തുന്നത്. അതിനാൽ തന്നെ ഗൾഫിലും മികച്ച മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. ‘ആട്ടം’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ അടിമുടി നാടകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പുതുമുഖ നടി സരിൻ ഷിഹാബിന്റെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും സംവിധായകൻ പറഞ്ഞു. വലിയ താരത്തിളക്കമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നതായിരിക്കും സിനിമയെന്ന് നിർമ്മാതാവ് ഡോ. അജിത് ജോയ് പറഞ്ഞു. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു ക്ലാസിക് ചിത്രമാണ് ആട്ടം എന്നും ഡോ. അജിത് ജോയ് പറഞ്ഞു.
20 വർഷത്തോളമായി ഒരുമിച്ചുള്ള നാടകകലാകാരൻമാരെ ഉൾപ്പെടുത്തിയാണ് ഈ സിനിമ ഉണ്ടായിരിക്കുന്നതെന്നും 9 പുതിയ അഭിനേതാക്കളുമായി 35 ദിവസത്തെ സ്ക്രിപ്റ്റ് വച്ച് റിഹേഴ്സൽ ചെയ്താണ് ഈ സിനിമ ഷൂട്ട് ചെയ്തതെന്നും മികച്ച അഭിനേതാക്കളായ ഇവർക്ക് ഇനിയെങ്കിലും സിനിമയില്‍ സജീവമാകാന്‍ അവസരമുണ്ടാകണമെന്നതാണ് ആഗ്രഹമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ഒരു സിനിമയുമായി പ്രേക്ഷകരുടെ മുന്നിൽ വരുമ്പോൾ സിനിമ കാണണം എന്നും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നും തുറന്നുപറയാൻ സാധിക്കുന്നതാണ് ആട്ടം എന്നും കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുമെന്നും കലാഭവൻ ഷാജോൺ പറഞ്ഞു.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിനേതാക്കളായ കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് എന്നിവരും പങ്കെടുത്തു. അടിമുടി സസ്പെൻസ് നിറഞ്ഞ ചിത്രമാണെന്നാണ് വിലയിരുത്തൽ. അവസാനം വരെ ഈ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.