മുൻ തൃണമൂൽ ലോക്സഭാ എംപി മഹുവ മൊയ്ത്രയ്ക്ക് സർക്കാർ ബംഗ്ലാവ് ഒഴിയാത്തതിന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന്റെ നോട്ടീസ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അലോട്ട്മെന്റ് റദ്ദാക്കിയതിനെ പിന്നാലെ ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ഡിഒഇ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലെ എത്തിക്സ് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ എട്ടിന് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. മഹുവ തന്റെ ലോക്സഭാ പോർട്ടൽ ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയിൽ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും സ്വീകരിച്ച മഹുവ തന്റെ പേരിൽ ചോദ്യങ്ങൾ അപ്ലോഡ് ചെയ്യാൻ വ്യവസായിയെ അനുവദിച്ചെന്നാണ് വാദം. ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. ഡിസംബർ 8-ന് ആണ് എത്തിക്സ് കമ്മറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. പിന്നാലെ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശ പ്രകാരം മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെ പ്രതിപക്ഷം വലിയ പ്രതിഷേധം സഭയിൽ നടത്തി.
എത്തിക്സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ ആരോപിച്ചു. കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ സഭയിൽ സ്വയം പ്രതിരോധിക്കാൻ അവസരം ലഭിച്ചില്ല. തന്റെ മുൻ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയെയും ബിജെപി എംപി നിഷികാന്ത് ദുബെയെയും ക്രോസ് വിസ്താരം ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. എത്തിക്സ് പാനൽ റിപ്പോർട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങൾ പരസ്പര വിരുദ്ധമാണെന്നും മഹുവ വ്യക്തമാക്കിയിരുന്നു. ജയ് അനന്ത് ദേഹാദ്രായി ദുരുദ്ദേശ്യങ്ങൾക്കായി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഒരു സാധാരണ പൗരനായി അഭിനയിച്ചെന്നും അവർ ആരോപിച്ചിരുന്നു. തനിക്ക് അനുവദിച്ച സർക്കാർ വസതിയിൽ തുടരാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ഡിഒഇയെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി ടിഎംസി നേതാവിനോട് ജനുവരി 4ന് ആവശ്യപ്പെട്ടിരുന്നു.